ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ് വളവായി നീളുന്ന ഈ വഴി മനുഷ്യൻ അല്ല പ്രകൃതിയാണ് വരച്ചത് എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാണ്. കായലിന്റെയും നാട്ടിൻപുറത്തിന്റെ നിശബ്ദതയുടെയും മധ്യത്തിൽ വളർന്ന ഈ എസ് വളവ്, ഇന്ന് മൺട്രോത്തുരുത്തിന്റെ തിരിച്ചറിയലായി മാറിയിരിക്കുന്നു. ചെമ്മീൻ കെട്ടുകളും കായലും ചേർന്നൊരുക്കുന്ന കാഴ്ചകൾ കാണാനും അനുഭവിക്കാനും ആയി ദിവസേന തന്നെ ഇവിടെ സന്ദർശകരെത്തുന്നു. വലിയ ടൂറിസം കേന്ദ്രങ്ങളിലെ തിരക്കുകൾ ഇല്ലാതെ സാധ്യതയുടെ സൗന്ദര്യമാണ് മൺട്രോത്തുരുത്ത് മുന്നോട്ടുവയ്ക്കുന്നത്. രാവിലെയും സന്ധ്യയിലെയും കാഴ്ചകൾ ഇവിടെ വ്യത്യസ്തമാണ്. മേഘങ്ങൾ പാളികളായി നിരന്നു നിൽക്കുന്ന ആകാശവും കായലിൽ പ്രതിഫലിക്കുന്ന വെളിച്ചവും ചേർന്ന് എസ് വളവിനെ ജീവിച്ചിരിക്കുന്ന ചിത്രമാക്കി മാറ്റുന്നു. ചെറുവള്ളങ്ങളിൽ കയറി കായൽ ചുറ്റി സഞ്ചരിക്കുമ്പോൾ ചെമ്മീൻ കെട്ടുകളുടെ ഇടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ താളം മനസ്സിനെ ശാന്തമാക്കും. ഒരുകാലത്ത് നാട്ടുകാരുടെ ഉപജീവനത്തിന്റെ ഭാഗമായിരുന്ന ചെമ്മീൻ കെട്ടുകൾ ഇന്ന് പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അവയെ അടുത്തറിയാൻ എത്തുന്ന സന്ദർശകർക്ക് തുരുത്ത് ഒരു പഠന കേന്ദ്രം കൂടിയാണ്. പ്രകൃതിയോടൊപ്പം ജീവിക്കാൻ പഠിപ്പിക്കുന്ന അനുഭവങ്ങൾ ഇവിടെ സുലഭമാണ്.
മൺട്രോത്തുരുത്തിലെ എസ് വളവിൽ നിന്നാരംഭിക്കുന്ന ചെറുവള്ള യാത്ര, അഷ്ടമുടിക്കായലിന്റെയും കല്ലടയാറിന്റെയും തീരങ്ങളിലൂടെയാണ് മുന്നേറുന്നത്. കണ്ടൽക്കാടുകളും കൈത്തോടുകളും ചുറ്റി കുഞ്ഞുകുഞ്ഞ് ജലവഴികൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ പ്രകൃതി തന്നെ യാത്രക്കാരനോട് സംസാരിക്കുന്ന അനുഭവം ലഭിക്കും. നഗരജീവിതത്തിന്റെ തിരക്കും ശബ്ദവും വിട്ട്, ജലവും കാറ്റും പക്ഷികളും മാത്രമുള്ള ലോകത്തേക്ക് കടക്കുന്ന ഈ യാത്ര, ഒരിക്കൽ അനുഭവിച്ചാൽ പിന്നീടൊരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മയായി മനസ്സിൽ പതിയുന്നു. അഷ്ടമുടിയുടെ ഈ ശാന്തമായ ജലപാതകൾ, മൺട്രോത്തുരുത്തിന്റെ ആത്മാവിനെയാണ് തുറന്നു കാട്ടുന്നത്.
ഈ യാത്രയുടെ മറ്റൊരു മുഖമാണ് കായൽജീവിതത്തിന്റെ തനിമയാർന്ന രുചികൾ. അഷ്ടമുടിക്കായലിൽ നിന്നും പിടിക്കുന്ന കരിമീനും ഞണ്ടും കൊഞ്ചും ഉൾപ്പെടെയുള്ള മത്സ്യവിഭവങ്ങൾ, ഇവിടെത്തന്നെ പാകം ചെയ്യുന്ന രീതിയിൽ ആസ്വദിക്കുമ്പോൾ അതിന്റെ യഥാർത്ഥ സ്വാദറിയാം. ജലാശയങ്ങളോടൊപ്പം വളർന്ന നാട്ടുചരിത്രവും ജീവിതശൈലിയും ഭക്ഷണത്തിലേക്കും ഒഴുകിയെത്തുന്നതുപോലെ തോന്നും. മൺട്രോത്തുരുത്തിൽ ഒരു വള്ളയാത്ര, പ്രകൃതിയും സംസ്കാരവും രുചിയും ഒന്നിച്ചു ചേരുന്ന സമ്പൂർണ അനുഭവമായി മാറുന്നതിന്റെ കാരണവും അതുതന്നെയാണ്.
വികസനത്തിന്റെ പേരിൽ പ്രകൃതിയെ കീറിമുറിക്കുന്ന ഇക്കാലത്ത് മൺട്രോത്തുരുത്ത് പോലുള്ള ഇടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിക്കുന്നു. ഇവിടെ ഉള്ളത് കൃത്രിമ വിനോദങ്ങൾ അല്ല മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമതുലിതമായ ബന്ധമാണ്. ടൂറിസം എന്ന വാക്കിന് അപ്പുറം തുരുത്ത് ഒരു ജീവിത ബോധമാണ്. തിരക്കുകളിൽ നിന്ന് അല്പം അകലം പിടിച്ച് ശബ്ദമില്ലാതെ ഒഴുകുന്ന കായലിനോട് ചേർന്ന് നിൽക്കാൻ മനുഷ്യനെ പഠിപ്പിക്കുന്ന ഒരിടം. ഈ എസ് വളവിലൂടെ ഒരിക്കൽ നടന്നാൽ പിന്നെ ഒരു സ്ഥലമായി മാത്രം നമ്മളിൽ നിൽക്കില്ല എസ് വളവ്, ഇന്ന് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. ഈ ജനപ്രിയത തന്നെ ഒരു മുന്നറിയിപ്പായി മാറേണ്ട സമയമാണിത്. ചെമ്മീൻ കെട്ടുകളും കായലും ചേർന്ന് രൂപപ്പെട്ട ഈ പരിസ്ഥിതി സംവിധാനം വളരെ നിസ്സാരമായി തകരാവുന്നതാണ്. അനിയന്ത്രിതമായ സഞ്ചാരം, മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക് ഉപയോഗം, കായലിലേക്കുള്ള മലിനജല ഒഴുക്ക് ഇവയെല്ലാം ഈ പ്രദേശത്തിന്റെ ഭാവിക്ക് ഭീഷണിയാകുന്നു. പ്രകൃതിയുടെ താളം നഷ്ടപ്പെട്ടാൽ വിനോദസഞ്ചാരത്തിന്റെ ആകർഷണവും സ്വാഭാവികമായി നഷ്ടപ്പെടും. എത്ര പണം ചെലവാക്കിയിട്ടും ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലുകൾ ഉണ്ടായിട്ടും അഷ്ടമുടിക്കായലിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണെന്നത് നാം മറന്നുകൂടാ. നഗരമാലിന്യവും ഇന്ധന മാലിന്യവും കൊല്ലം കായലിനെ (അഷ്ടമുടിക്കായൽ) നിർജീവാവസ്ഥയിൽ ആക്കിയിട്ട് കാലം ഏറെ ആയതാണ്. വികസനവും സംരക്ഷണവും തമ്മിലുള്ള സമതുലിതത്വമാണ് തുരുത്തിന് ഏറ്റവും ആവശ്യം. സൗകര്യങ്ങൾ ഒരുക്കണം പക്ഷേ പ്രകൃതിയെ കീറിമുറിച്ച് കൊണ്ടല്ല. നിയന്ത്രിത ടൂറിസം, നാട്ടുകാരുടെ പങ്കാളിത്തം, പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ ഇവയെല്ലാം ചേർന്നാൽ മാത്രമേ ഈ പ്രദേശം ദീർഘകാലം നിലനിൽക്കുകയുള്ളൂ. ഇവിടെ അധികാരികളും ജനപ്രതിനിധികളും ഒരുപോലെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാണ്. നിയമങ്ങളും നിയന്ത്രണങ്ങളും വാഗ്ദാനത്തിൽ മാത്രം ഒതുക്കരുത്. സന്ദർശകരും തങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിയണം. മാലിന്യം ഇവിടെ ഉപേക്ഷിക്കരുത്. കായലിനെ ബുദ്ധിമുട്ടിക്കരുത്. ശബ്ദം കുറയ്ക്കുക. ഇതൊക്കെയാണ് മൺട്രോതുരുത്ത് നമ്മോട് ആവശ്യപ്പെടുന്നത്. ഒരു വിനോദ കേന്ദ്രം മാത്രമല്ല പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പരീക്ഷണഭൂമിക കൂടിയാണ് ഈ എസ് വളവ്. നാളെയും അതേ സൗന്ദര്യത്തോടെ നിലനിൽക്കണമെങ്കിൽ ഇന്നുതന്നെ സംരക്ഷണത്തിന്റെ വഴി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതൊരു നിർദ്ദേശമല്ല, ഒരു നിർബന്ധമാണ്.
Santhanu kalladayil
9605969159