നീയൊട്ടു കാണാതെ നിരസിച്ചൊരാ
നേര് കനവിന്റെ ഞെട്ടറ്റുതിർന്നൊരു
പ്രേമഹാരത്തിലെൻ ദുഃഖ പുഷ്പങ്ങളെ
നെഞ്ചിലേറ്റി, നീവരാക്കിനാവിന്റെ
നിർന്നിദ്രരാവിൽ ഉറങ്ങുവാൻ
ഉള്ളിലെ ജലാർദ്ര ശയ്യയിൽ
ഇലയനക്കങ്ങൾ കാതോർത്ത്
തൂമഞ്ഞിൻജാലക ചില്ലുകളിലൊരു കരതലമായ് നീ വിടരുന്നതും കാത്ത്
നാളുകളെത്രയോ വിഫലം വെളുത്തു.
കണ്ട നാൾ മുതൽ എണ്ണവറ്റാതെ
കത്തി നിൽക്കും വിളക്കുപോൽ നിൻ മുഖമെത്തിടുമ്പോൾ പറയുവാൻ
കഴിയാതെ കടലായ വാക്കുകൾ
ഹൃദയപാശത്തിങ്കൽ ഉറ്റുനോക്കുന്നു.
സഖീ മമ പ്രണയം മൂകമാം പുഴ പോലൊഴുകിയേതോ ദുരയിലൊടുങ്ങും
മുൻപ് കണ്ടുവോ നീ തന്ന മന്ദഹാസങ്ങളിൽ ഒരു രക്ത താരകം പൂത്തുലഞ്ഞ സായന്തനങ്ങളിൽ നിന്മിഴിക്കോണി-
ലൊരു ജലബിംബമായ് എൻ മുഖം.
മനസ്സ് തീർക്കും തീരാ ദാഹത്തിൻ മരുപ്പച്ചകളിൽ നീയാം കുളിരല
മാടി വിളിച്ചപോൽ സുരഭിലമായെന്ന്
വെറുതെ ചിന്തകൾ ചിതറിയ വേളകൾ
വാചാല മൗനങ്ങളാലെത്രയോ വാടാമലരികൾ വാരിവിതറിയ ആകസ്മികസമാഗമങ്ങളെ കോർത്തിണക്കുന്ന വിചാര ഹർഷണങ്ങളിൽ
നീ വരാനിടയില്ലാത്ത വഴിവക്കിലൊരുനാൾ ഏകാങ്ക പ്രേമത്തിൻ മുൾക്കിരീടം ചൂടി
നിന്നെയോർത്തു നിൽക്കെ കുളിരല പോലെ നീ വന്നണയുകിൽ പൂവണിഞ്ഞൊരു സ്വപ്ന സാമ്രാജ്യത്തിന്നധിപനായ് നിമിഷാർദ്ധമെങ്കിലും വാഴുവാൻ മോഹമില്ലാത്തവരുണ്ടോ
ജീവിതത്തിൻ കൊടുംവേനലിൽ വറ്റിപ്പോകാത്തൊരു പുഴയുടെ
മനസ്സിറമ്പിൽ നീ വന്നു നിൽക്കുമോ
പട്ടു പോകാത്ത പഴയൊരു ദുരാഗ്രഹത്താൽ വ്യഥിതമായൊരെൻ മനസ്സിരമ്പം കേൾക്കുമോ
നഷ്ട ശീർഷകങ്ങളാലേഖനം ചെയ്ത
പെരും തോണിയിലേറി കാലം പോകയായി ഭൂപടങ്ങളിലെ വേർതിരിച്ച വരമ്പുകളിൽ എവിടെയോ ഒച്ചയില്ലാതെ കാൽപ്പാടുകളായി നാം ഓർമ്മകളിൽ മാത്രം മരിച്ചുവീഴുന്നു
പൊയ്പോയ വസന്തങ്ങൾ വറുതിയുടെ
ചുമടിറക്കിയ ചുരങ്ങളും താണ്ടി
മഴയും വെയിലും പോകയായി
നാം നമ്മോട് പറയാതെ പറയും കഥകളിൽ ഇനിവരുംകാല സന്ധ്യതൻ കുളിർ കാറ്റിൽ
മറുകഥയില്ലാത്ത വികലമാമോർമ്മകളായി മനസ്സിൻറെ ഭൂപടങ്ങളിൽ നമ്മളാൽ വേർതിരിച്ച വരമ്പുകളിലെവിടെയോ
സ്വാസ്ഥ്യമില്ലാത്ത കാൽപ്പാടുകളായ്
നാം എന്നെന്നേക്കുമായ് മരിച്ചുവീഴുന്നു.
©ശന്തനു കല്ലടയിൽ
2011