മരങ്കൊത്തിയെപ്പോലെ
നാട് ചുറ്റിയൊരിക്കൽ
തൊണ്ണൂറ്റാറിൽ
കൊല്ലത്താശ്രാമത്തെ
ഒരു പാർക്കിൽ
കൂറ്റൻ മരത്തിൽ
തിമിംഗലവണ്ണമുള്ളൊരു
ശിഖരത്തിൽ
ഞാനവളെ
എൻ്റെ പേരിനൊപ്പം
ആദ്യമായ്
കൊത്തിവെച്ചു.
അപകർഷതകളുടെ
മൗനവിലാപങ്ങൾ
കവിതയായതും
കഥകളായതും ആ
മരത്തിൽ നിന്നല്ലോ.
വിജനമാമൊരു
തെങ്ങിൻ തോപ്പിലെ
കായൽ കാറ്റേറ്റ്
പതിനൊന്നോ പന്ത്രണ്ടോ
വയസുള്ളപ്പോ
നിസഹായത കൊണ്ടും
വിധിയെപ്പഴിച്ചും
തനിച്ചിരുന്ന് വിഷമിച്ചത്
നീയന്ന് കണ്ട് പിടിച്ചതു
പോലൊരു ജാള്യം
ഇന്നും മറക്കാനാവതില്ല.
കാലത്തിനറിയാമെന്ന്
തോന്നുന്നു.
അതിനാലാവാം നമ്മൾ
ഒരിക്കലും കണ്ടുമുട്ടാഞ്ഞത്.
കാലാന്തരേ
മൂന്ന് കവിതയിൽ
നിൻ്റെയോർമ്മകൾ
ഒരു മരങ്കൊത്തിയെപ്പോലെ
ഞാൻ തുരന്നു വെച്ചതും
നീയൊരിക്കലുമറിയരുതെന്ന്
വെറുതെ വാശിയേറുന്നു.
ആ മരപ്പൊത്തുകളിൽ
ഏതേത് കിളികൾ
ഏതേത് കാലങ്ങളിൽ
കൊക്കുരുമ്മി
തൊട്ടുരുമ്മി
വിശ്രമിച്ചിരുന്നിടാം.
ശന്തനു കല്ലടയിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ