വീട് എത്താറായി
ഇനി അധികം ദൂരമില്ലല്ലോ എന്നോർത്ത് വിശ്രമം വീട്ടിൽ ചെന്നിട്ടാവാം എന്ന് കരുതുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ട്.
ഒട്ടേറെ വേദനിപ്പിക്കുന്ന അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അതും രാത്രിയും പുലർച്ചെയും ഒക്കെ. കുടുംബാംഗങ്ങൾ ഒന്നടങ്കം കൊല്ലപ്പെട്ട അപകടങ്ങളും നമുക്ക് പരിചിതമാണ്. ആ അപകടങ്ങൾക്കൊക്കെ പിന്നിലുള്ള കാരണങ്ങൾ മിക്കവാറും ഒന്ന് തന്നെയാണ്. ഒരിക്കലും മാറ്റിവെക്കാനാവില്ല എന്ന് നാം കരുതുന്ന എന്തൊക്കെയോ ആണത്. പിന്നീട് എന്നെന്നേക്കുമായി മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട് പലർക്കും.
പിന്നിട്ട ദൂരമത്രയും ഏതാനും മണിക്കൂറുകൾകൊണ്ട് നാം താണ്ടിക്കഴിഞ്ഞു.
വാഹനം നമ്മുടെതാവാം
വാടക വണ്ടി ആകാം
ഡ്രൈവർ ചിലപ്പോൾ നമ്മൾ ആകാം
കൂലിക്ക് വന്നയാൾ ആകാം
സുഹൃത്ത് ആകാം
പരിചയസമ്പന്നനായ ടാക്സി ഡ്രൈവറും ആകാം.
പക്ഷേ വാഹനമോടിച്ചതിന്റെ ക്ഷീണം നമുക്ക് എല്ലാവരിലും ഒരുപോലെ ആയിരിക്കും. ക്ഷീണിതനായ ഒരു ഡ്രൈവർ മദ്യപിച്ച് വാഹനമോടിക്കുന്ന ആൾക്ക് തുല്യമായ അവസ്ഥയിലായിരിക്കും എന്ന് പലരും പറയുന്നത് ശരിയാണെന്ന് തോന്നിട്ടുണ്ട്.
ഇവിടെ തെറ്റുകാരൻ നമ്മുടെ തിടുക്കമാണ്. നമ്മൾ അല്പം വിശ്രമിച്ച്, നമ്മുടെ ഡ്രൈവർക്ക് അല്പം വിശ്രമം കൊടുത്താൽ, ക്ഷീണം വരുമ്പോൾ ഒന്നു മയങ്ങാൻ കഴിഞ്ഞാൽ, ഒരിക്കലും എത്താതിരിക്കാൻ കഴിയുന്നതിലും എത്രയോ നല്ലതായിരിക്കും അല്പം താമസിച്ചെങ്കിലും ആരോഗ്യവാനായി നാം നമ്മുടെ വീട്ടിലേക്കും ഉറ്റവരുടെ മുന്നിലേക്കും എത്തിച്ചേരുന്നത്...
മ്യൂസിഷ്യൻ ബാലഭാസ്കറിന്റെ കുടുംബത്തിനുണ്ടായ വേദനയിൽ നാമെല്ലാം അഗാധമായും ദുഃഖിക്കുന്നു. അദ്ദേഹം ഇന്നോവയുടെ മുൻസീറ്റിൽ കുഞ്ഞിനെ മടിയിൽ വച്ച് ഇരിക്കുകയായിരുന്നുവത്രേ.
ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് കാറിന്റെ ഡാഷ്ബോർഡിൽ ഇടിച്ചതിനെത്തുടർന്നാണ് മരണപ്പെട്ടതെന്നും പറയുന്നു.
സുഹൃത്തായ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം എന്നും അറിയുന്നു.
വാഹനം വലതുവശത്തേക്ക് തെന്നി മാറി മരത്തിലിടിച്ചാണ് നിന്നത്. റോങ് സൈഡിലേക്ക് പോയ വാഹനം ഒരുപക്ഷേ എതിരെ വന്ന മറ്റൊരു വാഹനത്തിലായിരുന്നു ഇടിച്ചിരുന്നതെങ്കിൽ അപകടത്തിൽപ്പെടുന്ന ആളുകളുടെ എണ്ണം ഇതിലും കൂടുമായിരുന്നു.
ഇവിടെ ഒരല്പം വിശ്രമം എടുക്കാൻ ഡ്രൈവർക്ക് സാധിക്കാത്തത് മൂലമായിരിക്കാം അപകടം സംഭവിച്ചത്. പകരം കൊടുക്കേണ്ടിവന്ന വിലയോ 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ ദമ്പതികൾക്ക് കിട്ടിയ പൈതലിനെയാണ് നഷ്ടമായത്. കുഞ്ഞുങ്ങളുടെ മരണം ലോകത്തിന് തന്നെ തീരാനഷ്ടമാണ്.
ദീർഘദൂര യാത്രകൾക്ക് പോകുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിച്ചാൽ അപകടം ഉണ്ടായാലും ഏതാനും നാളത്തെ ആസ്പത്രിവാസം കൊണ്ട് സുഖപ്പെടേണ്ട പല കേസുകളും ആണ് അശ്രദ്ധമൂലം മരണമെന്ന രംഗബോധമില്ലാത്ത കോമാളിയുടെ കയ്യിലെ കളിപ്പാവയായി നമ്മൾ മാറ്റുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കുന്നതും ഹെൽമറ്റ് വെക്കുന്നതും പോലീസ് പിടിക്കാതിരിക്കാനാണ് എന്ന് കരുതുന്ന ഒരു വിഭാഗം ആളുകളും ഇവിടെ കുറ്റക്കാർ തന്നെയാണ്. ഇത്തരം ആളുകൾ പോലീസ് ചെക്കിങ് ഇല്ലാത്തയിടങ്ങളിൽ സ്വാതന്ത്രവിഹാരം ആണ് നടത്തുന്നത്. അപകടത്തിന് ഏത് റോഡ് എന്ന് വല്ലതുമുണ്ടോ. അപകടം എപ്പോഴും ആകസ്‌മികമാണ്. നമ്മളെത്ര സൂക്ഷിച്ചാലും നമുക്ക് നേരെ ഡ്രൈവർ ഉറങ്ങിപ്പോയ ഒരു വാഹനം പാഞ്ഞുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചിറകുകൾ വിരിയും മുൻപ് ഈ ലോകം വെടിയേണ്ടിവന്ന ആ കുഞ്ഞുമോളുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം. *ശന്തനു കല്ലടയിൽ*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ