ഇക്കഴിഞ്ഞ ശനിയാഴ്ച്ച കോട്ടയത്തുനിന്ന് പത്തനംതിട്ടയ്ക്ക് ഒരു യാത്ര പുറപ്പെട്ടു. ഏതെങ്കിലും ഒരു ടാക്സി വിളിക്കുന്നതിനു പകരം ഷെറിഷ് എന്ന ജേഷ്ഠ സുഹൃത്ത് അദ്ദേഹത്തിൻറെ പരിചയത്തിലുള്ള ഒരു ടാക്സി അറേഞ്ച് ചെയ്തു തന്നു. 'രാത്രിയിലാണ് യാത്ര, വേഗത കുറച്ചു പോകണം, ഗട്ടറിൽ ഒന്നും ചാടിക്കരുത്' ഇത്രമാത്രമേ നമ്മൾ ഡിമാൻഡ് വച്ചുള്ളു. അതിനനുസരിച്ച് വണ്ടി വന്നു. ഞാനും ശ്രീജയും ശ്രീജയുടെ അച്ഛനുമമ്മയും കുറച്ച് ലഗേജും ആണ് ഉള്ളത്.
നേരത്തെ മുതൽ എനിക്കുള്ള ഒരു പ്രശ്നം രാത്രിയാത്രയ്ക്ക് റോഡ് മാർഗമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഡ്രൈവറുടെ അടുത്തു അദ്ദേഹത്തെ കാണുന്ന രീതിയിൽ ഞാനിരിക്കും. രാത്രിയിൽ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഉറങ്ങിയാലോ എന്ന പേടിയാണെനിക്ക്. ഉറങ്ങാതിരിക്കാൻ ഡ്രൈവറോട് സംസാരിക്കുകയാണ് എൻറെ ഉദ്ദേശം . അഥവാ ഡ്രൈവർ ഉറങ്ങുകയാണെങ്കിൽ കയ്യോടെ പിടിക്കണമല്ലോ. നമുക്ക് രക്ഷപ്പെടുകയുമാവാം.
( രണ്ടുകൊല്ലം മുമ്പ് മൂന്നാറിലേക്കുള്ള രാത്രിയാത്രയിൽ കെഎസ്ആർടിസി ഡ്രൈവറെ നോക്കിയിരുന്നതിന് അയാൾ എന്നെ എന്തൊക്കെയോ പറഞ്ഞു. അയാൾ ഉറങ്ങുന്നുണ്ടോ എന്ന് ഞാൻ നോക്കുകയാണ് എന്നയാൾക്ക് സംശയം തോന്നിയിരുന്നു)
അങ്ങനെ നമ്മുടെ ടാക്സി ഡ്രൈവർ ഉറങ്ങാതിരിക്കാനും സുരക്ഷിത യാത്രയ്ക്കും വേണ്ടി ഞാൻ പതിവുപോലെ ഡ്രൈവറുമായി സംഭാഷണത്തിലേർപ്പെട്ടു. ആദ്യം നമ്മൾ അദ്ദേഹത്തെ വിളിക്കാനുണ്ടായ സാഹചര്യമൊക്കെ എന്നോട് ചോദിച്ചു മനസ്സിലാക്കി.
ടാക്സി വിളിച്ച് തന്ന ആളുമായി എനിക്കുള്ള ബന്ധത്തെപ്പറ്റിയും ഒക്കെ മനസ്സിലാക്കി. അതിനുശേഷം കാരുണ്യ ചികിത്സ പദ്ധതിയെപ്പറ്റി, നിർധനരായ രോഗികൾക്ക് വേണ്ടി ഉള്ള സൗജന്യ ചികിത്സകളെ പറ്റിയുമൊക്കെ ഞങ്ങൾ സംസാരിച്ചു.ബിഷപ്പ് ഫ്രാങ്കോ യെക്കുറിച്ച് സംസാരിച്ചു. പി സി യെക്കുറിച്ച് പുള്ളിക്കാരൻ ഒന്നും പറഞ്ഞില്ല . പക്ഷേ പാലക്കാട്ടെ ആരോപണവിധേയനായ എംഎൽഎയുടെ പേര് അദ്ദേഹം പറഞ്ഞു . ബിഷപ്പിനെ അകത്താക്കിയ നടപടിയെപ്പറ്റിയും കാലതാമസത്തെപ്പറ്റിയും കന്യാസ്ത്രീകളുടെ സമരത്തെപ്പറിയും ഒക്കെ അദ്ദേഹം എന്നോട് സംസാരിച്ചു. എംഎൽഎ കേസിലെ തരം തിരിവുമൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. സാധാരണ ഡ്രൈവർ ഉറങ്ങാതിരിക്കാൻ അങ്ങോട്ട് സംസാരിക്കാറുള്ള ഞാൻ ഇദ്ദേഹം പറഞ്ഞത് മുഴുവൻ കേട്ട് ഉറങ്ങാതെ ഇരിക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ മതി. ഇത്രയും സംസാരപ്രിയനായ ഇദ്ദേഹമാണോ ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിപ്പോകുന്നത്?
നമ്മൾ വിളിച്ച ടാക്സിയിൽ നിന്നും നമുക്കെങ്ങനെ ഇറങ്ങി ഓടാൻ കഴിയും എന്ന അവസ്ഥയിൽ ഞാൻ എത്തിയെങ്കിലും അദ്ദേഹം പിന്നീടങ്ങോട്ട് സിപിഎമ്മിനെ കടന്നാക്രമിക്കുന്ന തരത്തിലേക്ക് ഞങ്ങളുടെ ചർച്ചയെ കൊണ്ടുപോയി. ഞാനൊരു പാർട്ടി മെമ്പർ ഒന്നുമല്ലെങ്കിലും അനുഭാവി എന്ന നിലയ്ക്ക് എന്നിൽ ഉണ്ടാകാവുന്ന എല്ലാ ചൊറിച്ചിലുകളെയും ള്ളിലടക്കി ഈയുള്ളവൻ അദ്ദേഹത്തെ കേട്ടിരുന്നു.
അവിടെ നിന്നും അദ്ദേഹം നേരെ ഒരു കയറ്റമായിരുന്നു ശബരിമലയിലേക്ക്. ശബരിമലയിലെ സ്ത്രീ പ്രവേശത്തെ അനുകൂലിച്ചും മറ്റും സോഷ്യൽ മീഡിയയിലും നാട്ടിലും അഭിപ്രായം രേഖപ്പെടുത്തുന്ന എന്നോട് അദ്ദേഹം സ്വന്തം ആശയങ്ങൾ കുത്തിനിറച്ച് കൊണ്ടിരുന്നു. അവിടെ സ്ത്രീകൾ പ്രവേശിക്കരുത് എന്ന് അദ്ദേഹമെന്നോട് കട്ടായം പറഞ്ഞു.
എന്റെ സ്വന്തം എഫ് ബി പോസ്റ്റുകൾ എന്നെ നോക്കി പല്ലിളിക്കുന്നത് അന്നേരം ഞാനറിയുന്നുണ്ടായിരുന്നു. ഇതൊന്നും എനിക്ക് സഹിക്കുന്നില്ല എങ്കിലും പക്ഷേ ഡ്രൈവർ ഉറങ്ങരുത്. എല്ലാം സഹിക്കാൻ തീരുമാനിച്ചു. ഏകദേശം 70 കിലോമീറ്ററോളം ദൂരത്തിൽ 50 കിലോമീറ്റർ ശബരിമല വിഷയമായിരുന്നു ഇദ്ദേഹം സംസാരിച്ചത്. കാർ വാടക തരേണ്ടുന്നവനോടാണ് ഈ ക്രൂരത എന്ന് അയാൾ മറന്നു പോയതുപോലെ. എന്താ ഇങ്ങേർ എല്ലാവരോടും ഇങ്ങനെ തന്നെയാണോ എന്നൊക്കെ ഞാൻ ആലോചിച്ചു. ഈ ഡ്രൈവറെ എനിക്ക് വിളിച്ച് തന്ന ഷെറീഷ് അണ്ണനോട് നാളെ 2 പറയണം എന്നൊക്കെ ഞാൻ വിചാരിച്ച് സമാധാനപ്പെട്ടു.
ഇതിനിടയിൽ ഒരു പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ഗട്ടറിൽ വാഹനം ചാടി ഞങ്ങൾ ആകെയൊന്നുലഞ്ഞു. അതിനെന്നോട് ക്ഷമയും പറഞ്ഞു. നമ്മുടെ തൊട്ടുപുറകിൽ മറ്റൊരു വാഹനം ഉണ്ട്. ഞാൻ ബ്രെക്ക് ചെയ്താൽ ആ വാഹനം നമ്മുടെ വാഹനത്തിൽ ഇടിക്കും അതുകൊണ്ടാണ് ബ്രെക്ക് ചെയ്യാഞ്ഞത് എന്നെന്നോട് പറഞ്ഞു. ഞാൻ ആലോചിച്ചപ്പോൾ അതും ശരിയാണ്. പിന്നീട് നേരെ മൂന്നാറിലേക്കാണ് അദ്ദേഹം തന്റെ പ്രഭാഷണം കൊണ്ടുപോയത്. തനിക്ക് മുൻപ് ഉണ്ടായിരുന്ന പാക്കേജ് ഓട്ടം മൂന്നാറിലെ മണ്ണിടിച്ചിൽ മൂലം നഷ്ടപ്പെട്ടതിനെപ്പറ്റിയും അവിടുത്തെ നീലക്കുറിഞ്ഞികളുടെ ഭംഗിയെപ്പറ്റിയും ഒക്കെ വാചാലനായി. കുറച്ചുനേരം മൂന്നാറിലെ കൈയ്യേറ്റങ്ങളെപ്പറ്റിയുമൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ ഞങ്ങൾ പത്തനംതിട്ടയിലെത്തി.
15 കിലോമീറ്റർ പത്തനംതിട്ടയിൽ നിന്നും വടശ്ശേരിക്കരയിലെ വീട്ടിലേയ്ക്ക് ഉണ്ട്. ഇനിയുള്ള റോഡിൻറെ ശോച്യാവസ്ഥയെക്കുറിച്ചും ടിയാൻ എന്നോട് വാചാലനായി. ഞാൻ പറഞ്ഞു പ്രളയകാലത്ത് തുടരെ പെയ്ത മഴകൊണ്ടാണ് റോഡ് ഇങ്ങനെയായത്. മണ്ഡലകാലത്തിന് മുമ്പ് ഇതൊക്കെ ആരും ശരിയാക്കില്ല എന്നും അദ്ദേഹം എന്നോട് പറഞ്ഞു. വെറും പാവമായ നമ്മുടെ സർക്കാരിനെ എങ്ങനെയൊക്കെയാണ് ഇയാൾ കളിയാക്കുന്നത്. ഇല്ല ഇനി അല്പദൂരം മാത്രമേയുള്ളൂ ഇനിയും ക്ഷമിക്കുക തന്നെ എന്ന് ഞാനെന്നോട് തന്നെ മറുപടിയും പറഞ്ഞു. അങ്ങനെ ആകെ മൊത്തത്തിൽ പാർട്ടി വിരുദ്ധതയും സർക്കാർ വിരുദ്ധതയും ഒക്കെ പറഞ്ഞ് അതിനെല്ലാം എതിർപക്ഷത്ത് നിൽക്കുന്ന എന്നെ കുപ്പിയിലാക്കി വീടിനുമുന്നിൽ ഇറക്കിവിട്ടു ആ ഡ്രൈവർ. പരസ്പരം ഫോൺ നമ്പറും കൈമാറി ഞങ്ങൾ പിരിഞ്ഞു. ഇനി കോട്ടയം വരുമ്പോൾ കാണാം എന്നും പറഞ്ഞു. ഉറപ്പായും ഞാൻ അദ്ദേഹത്തെ കാണുകയും ചെയ്യും. കാരണം ഞങ്ങളുടെ യാത്ര തികച്ചും സുരക്ഷിതമായിരുന്നു. ഭേദപ്പെട്ട റോഡും ഡ്രൈവറുടെ മാനസിക നിലയും നമ്മുടെ സമീപനവും ഒക്കെ ഒരുപോലെ അതിനായി പ്രവർത്തിച്ചു എന്നതാണ് അത്.
പിറ്റേ ദിവസം ഞാൻ ടാക്സി അറേഞ്ച് ചെയ്തു തന്ന മുൻ ഡിവൈഎഫ്ഐ നേതാവുകൂടിയായ ചേട്ടനെ വിളിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞു.
"യാത്ര സുഖമായിരുന്നു, നമ്മുടെ ആവശ്യങ്ങളോട് ഡ്രൈവർ നന്നായി സഹകരിച്ചു. എങ്കിലും ഈ പാർട്ടി വിരുദ്ധത ഇത്തിരി കടുപ്പമായി പോയില്ലേ..." എന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് ഷെറിഷ് ചേട്ടൻ പറയുന്നത് ഡ്രൈവർ സംക്രാന്തി കാരനാണ്. അവിടെ ഉള്ളവരൊക്കെ മിക്കവാറും കോൺഗ്രസുകാർ ആയിരിക്കും. നല്ല ആളുകൾ ആണ് എന്നൊക്കെ. എന്നാലും തൊട്ടടുത്ത് ഇരിക്കുന്നവന്റെ കൊടി നോക്കാതെ ഇങ്ങനെ വണ്ടിയോടിക്കുന്നത് ശരിയാണോ എന്ന് ഞാൻ വെറുതെ അങ്ങോട്ട് ചോദിച്ച് ആ സംഭാഷണം ഞങ്ങൾ അവസാനിപ്പിച്ചു. ഡ്രൈവർക്ക് ഞാൻ ഗുഡ് സർട്ടിഫിക്കറ്റും നൽകി.
ചെറിയൊരു കാര്യമാണെങ്കിലും ഞാനീ വിഷയത്തെ ഇത്രയേറെ വലിച്ചു നീട്ടിപ്പറഞ്ഞതിൽ ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു. അതിതാണ്, നമ്മുടെ വാഹനം ഡ്രൈവർ ഉറങ്ങിപ്പോയി എന്ന ഒറ്റ കാരണത്താൽ അപകടത്തിൽ പെടരുത്. നമ്മുടെയൊപ്പം എത്രയാളുകൾ ഉണ്ടെങ്കിലും ഡ്രൈവറുടെ അടുത്ത് ഇരിക്കുന്നവർ ഉറങ്ങുകയും ചെയ്യരുത്. കാരണം നമ്മുടെ ഉറക്കം കണ്ടാൽ ഡ്രൈവർക്കും ആലസ്യം തോന്നാം. രാത്രി യാത്രയിലെ റോഡപകടങ്ങൾ കുറയ്ക്കാൻ നമുക്കും പരിശ്രമിക്കാം.
എഴുതിയത് Santhanu Kalladayil
പാർട്ടി എല്ലാം നമുക്ക് വലുത് നമ്മുടെ സുരക്ഷയാണ് നമ്മൾ മനുഷ്യർ പലതും പറയും പക്ഷേ നമ്മുടെ സന്തോഷം നമ്മുടെ കുടുബം സന്തോഷത്തോടെ ഇരിക്കുക അതാണ് വേണ്ടത് അഭിപ്രായം പല തരത്തിൽ ആകാം ആപത്ത് വരാതെ നമ്മളെ എത്തിക്കന്നവൻ ആരായാലും അത് ധർമ്മം
മറുപടിഇല്ലാതാക്കൂ👍
മറുപടിഇല്ലാതാക്കൂ