നടന്ന് തീർന്നെന്ന് കരുതിയ വഴികളിൽ
പിന്നേയും കാഴ്ചകൾ ബാക്കിയാകുന്നു.
എരിഞ്ഞു തീർന്ന പകൽ രാത്രിയെക്കൊണ്ട്
വെയിൽ കൊണ്ട കിനാക്കളിൽ മഞ്ഞുരയ്ക്കുന്നു.
ഒരിറുക്കിപ്പിടുത്തത്തിൽ
സ്തംഭിച്ചുപോകുന്ന പറവ , തന്നെ
കൊല്ലുവാനാണോ വളർത്തുവാനാണോ
പിടിച്ചതെന്ന് ഭയപ്പെട്ടതുപോലെ
എല്ലാവരിലും ഒരു പ്രണയമെങ്കിലും
ഭീതിയോടെ ചിറകിട്ടടിക്കുന്നു.
ഇനിയുമൊരാകാശം നഷ്ടവസന്തങ്ങളുടെ
വിഹ്വലതകളും പേറി നിരന്നു കിടക്കുന്നുണ്ട്
ഓടിത്തളർന്നവർക്കും
വീണു പിടഞ്ഞവർക്കും
മുങ്ങിത്താണവർക്കും
ചിറകുണ്ടെങ്കിൽ ഒഴുകിനടക്കാൻ
കാലം പിന്നെയും കാഴ്ചകൾ നൽകുന്നു.
ജീവിതം പിന്നെയും നീളുകയാണ് സുഹൃത്തേ .
എഴുതി വെക്കാത്ത വിൽപത്രം കണക്കെ
പ്രണയവും
കരുതി വെക്കാത്ത നിധിപോലെ
സ്നേഹവും
ഓതിക്കൊടുക്കാത്ത നുണകൾ പോലെ
വിശ്വാസവും
തെളിവില്ലാത്ത ക്രൂരകൃത്യം പോലെ
മറ്റൊരു വസന്തവും
തിരികെ വിളിക്കുന്നു.
യാത്രകൾ തുടങ്ങുകയല്ല
തുടരുകയാണ്......!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ