പോയ കാലത്തിന്റെ ഓർമ്മയിൽ നിന്നും
പൂവിളിപ്പാട്ടിന്റെ ഈണത്തിൽ നിന്നും
ഇരവും പകലും യുഗങ്ങളായി പായുന്ന
വറുതിയും വർഷവും താണ്ടിയല്ലോ
വെയിൽ വാടും ജീവിതപ്പാതയിലേക്ക്
ഓടിത്തളർന്നു വരുന്നതിന്ന്...!
ഇവിടെയൊരുവേള പൂക്കാതിരുന്നൊരു
വന്യദുഃഖത്തിൻ ഇലയുരുക്കങ്ങൾ
ഉൾച്ചിമിഴിൽ നിറച്ച് നിത്യമൗനത്തിന്നഗാധ
വന്യദുഃഖത്തിൻ ഇലയുരുക്കങ്ങൾ
ഉൾച്ചിമിഴിൽ നിറച്ച് നിത്യമൗനത്തിന്നഗാധ
നദിയിൽ മുങ്ങിപ്പോയ നുരകൾ പറയുമോ
എവിടെയാണെവിടെയാണോർമ്മതൻ സീമകൾ
എവിടെയാണെവിടെയാണോർമ്മതൻ സീമകൾ
എരിയുന്നിതാ കനൽ ചില്ലമേൽ ചിറകറ്റ
യൗവനങ്ങൾ തൻ ചിതൽക്കൂടുകൾ
അവയിലുരുകുന്നനന്തമാമാർദ്രതയും
അവയിലുരുകുന്നനന്തമാമാർദ്രതയും
അനാദിയാമന്യതയും ഏറെയഭിലാഷങ്ങളും
പോയ കാലത്തിൻ്റെ ഏടുകളിൽ
കുത്തിക്കുറിച്ചിട്ട കവിതക്കണങ്ങളിൽ
തട്ടി നോവുന്ന ഭ്രാന്തൻ കുളമ്പുകളിൽ
ഇറ്റുവീഴുന്ന രുതിരച്ചുവപ്പുകൾ പറയുമോ
കുത്തിക്കുറിച്ചിട്ട കവിതക്കണങ്ങളിൽ
തട്ടി നോവുന്ന ഭ്രാന്തൻ കുളമ്പുകളിൽ
ഇറ്റുവീഴുന്ന രുതിരച്ചുവപ്പുകൾ പറയുമോ
എവിടെയാണെവിടെയാണോർമതൻ സീമകൾ
കടംകൊണ്ട ഹൃദയത്തിൻ ഹിമവനങ്ങളിൽ
നറുമണം കൊണ്ട് കൂടൊന്നൊരുക്കവേ
പകുതിയോർമ്മയും കവർന്നെടുത്തില്ലേ
കരളേറ്റുപാടിയ നൊമ്പരങ്ങൾ..
കരളേറ്റുപാടിയ നൊമ്പരങ്ങൾ..
എഴുതിയാൽ തീരാത്ത വരികളിൽ
പറഞ്ഞാലൊടുങ്ങാത്ത കഥകളിൽ
പെയ്തുതോരാത്ത പൂവാകയിൽ,
പോയ കാലത്തിൻ്റെ വരിശയിൽ
പൂവിളിപ്പാട്ടിൻ്റെ വശ്യതയിൽ
മുഴുവനോർമ്മയും വീണ്ടെടുക്കുന്നു
ഏകജൻമത്തിൻ പകുതിയിൽ
മൃതരാകുവാനിനിയെത്ര നാൾ...!
പറഞ്ഞാലൊടുങ്ങാത്ത കഥകളിൽ
പെയ്തുതോരാത്ത പൂവാകയിൽ,
പോയ കാലത്തിൻ്റെ വരിശയിൽ
പൂവിളിപ്പാട്ടിൻ്റെ വശ്യതയിൽ
മുഴുവനോർമ്മയും വീണ്ടെടുക്കുന്നു
ഏകജൻമത്തിൻ പകുതിയിൽ
മൃതരാകുവാനിനിയെത്ര നാൾ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ